മലയാംപടി (കണ്ണൂർ): പൊതു സ്ഥാപനങ്ങളെയും ഇടങ്ങളേയും സിപിഎം നിയന്ത്രണത്തിൽ ആക്കാൻ പണ്ടു മുതൽ സിപിഎം ശ്രമിച്ചു വന്നിരുന്നു. ഇതിൻ്റെ ഫലമായി കേരളത്തിലങ്ങോളം പല പൊതു ഇടങ്ങളേയും തങ്ങളുടെ കീശയിലാക്കി നിയന്ത്രിക്കുകയും പാർട്ടി സ്ഥാപനം പോലെ കൈവശപ്പെടുത്തി വയ്ക്കുകയും ചെയ്തു വരുന്നുണ്ട്. പ്രത്യേകിച്ച് സിപിഎം ഭരിക്കുന്ന പഞ്ചായത്തുകൾ, ബ്ലോക്കുകൾ എന്നിവയുടെ കീഴിൽ വരുന്നത് മുതൽ സംസ്ഥാന സർക്കാരിന് കീഴിലെ സ്ഥാപനങ്ങൾ വരെ ഇങ്ങനെ സർക്കാരിൻ്റെ യാണോ അതോ പാർട്ടിയുടേതാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലും ആ സ്ഥാപനം ഉണ്ടാക്കിയത് സർക്കാർ ഫണ്ടുപയോഗിച്ചാണെങ്കിലും അത് പാർട്ടിയുടെ വകയാണെന്ന മട്ടിലും സിപിഎം കൈവശം വയ്ക്കാറുണ്ട്. ആ ശീലം കണിച്ചാർ പഞ്ചായത്തിലെ മലയാംപടിയിലുള്ള വയോജന വിശ്രമ കേന്ദ്രത്തിലും ആവർത്തിക്കാനുള്ള നീക്കം പക്ഷെ സംസ്ഥാനത്താകെ സർക്കാരിന് അതിൻ്റെ പൊതു നിയമപരമായ നിലപാട് നടപ്പിലാക്കാനുള്ള സാധ്യതയായി മാറുകയാണ്. സിപിഎം പിന്തുണയുള്ള യുവധാര എന്ന സംഘം മലയാംപടിയിലെ വയോജന വിശ്രമകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രാത്രി ഒരു ബോർഡ് കൊണ്ടുവന്ന് കെട്ടിവച്ചു. ഈ ബോർഡ് എടുത്ത് നാട്ടുകാരും കുറേ വയോജനങ്ങളും ബ്ലോക്ക് പഞ്ചായത്തും പൊലീസും ആവശ്യപ്പെട്ടു. എന്നാൽ നീക്കണമെന്ന ആവശ്യം യുവധാരയുടെ പ്രവർത്തകർ തള്ളി. നടപടിക്ക് എത്തിയ പൊലീസിനെ തടഞ്ഞു. ബ്ലോക്ക് പഞ്ചായത്തിൻ്റെ നിർദേശവും ജനങ്ങളുടെ ആവശ്യവും തള്ളാൻ അവർ പറയുന്ന ന്യായം യുവധാര ഒരു വായനശാലയും ഗ്രന്ഥശാലയുമാണ് എന്നുള്ളതാണ്. അതു കൊണ്ട് ഒരു പൊതു സ്ഥാപനമാണ് അതെന്നതിനാൽ മാറ്റാൻ പറ്റില്ല എന്നാണ്. എന്നാൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പറയുന്നത് മറ്റൊന്നാണ്. മലയാംപടിയിലെ വയോജന വിശ്രമകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ചതും ജാതി മത വർഗ്ഗവർണ രാഷ്ടീയ വ്യത്യാസമില്ലാതെ വയോജനങ്ങൾക്ക് വരാനും വിശ്രമിക്കാനും ഒന്നിച്ച് അവരുടെ പരിപാടികൾ നടത്താനുമാണ് അത് നിർമിച്ചിട്ടുള്ളതുമെന്നുമാണ്. അവിടെ മറ്റൊരാൾക്കും പാർട്ടിക്കും സംഘത്തിനുമൊന്നും പൂർണമായോ ഭാഗികമായോ പ്രവർത്തന സ്വാതന്ത്ര്യം നൽകാനാവില്ല എന്നുമാണ്. അതിനാൽ വയോജന വിശ്രമകേന്ദ്രത്തിൽ ഉണ്ടായിരുന്ന യുവധാരയുടെ അലമാരയും മറ്റും എടുത്തു മാറ്റണമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നിർദേശം ഒന്നര മാസം മുൻപ് നൽകിയിരുന്നു. ഈ നിർദ്ദേശം തള്ളിയാണ് ബോർഡ് കൊണ്ടുവന്ന് സ്ഥാപിച്ച് വെല്ലുവിളി നടത്തിയത്. ഗ്രന്ഥശാലയുടെയും വായന ശാലയുടെയും പേരിലാണ് വയോജന വിശ്രമ കേന്ദ്രത്തിൽ ആധിപത്യം പിടിക്കാൻ സിപിഎം പാർട്ടി ശ്രമിക്കുന്നത്. ലൈബ്രറി കൗൺസിൽ നിലവിൽ സിപിഎം നിയന്ത്രണത്തിലായതിനാൽ അതിൻ്റെ മറവിൽ വയോജന വിശ്രമകേന്ദ്രം വരുതിയിലാക്കാം എന്നും അവർ ലക്ഷ്യമിടുന്നു. തിരക്കിട്ട് ലൈബ്രറി കൗൺസിൽ സർട്ടിഫിക്കറ്റ് വാങ്ങാനും ഉള്ള കളികൾ നടത്തിയിട്ടുണ്ടാകാനും സാധ്യത ഏറെയാണ്. എന്തായാലും കണിച്ചാർ പഞ്ചായത്തോ പേരാവൂർ ബ്ലോക്കോ ഇതുവരെ വയോജന വിശ്രമകേന്ദ്രത്തിൽ മറ്റ് പ്രസ്ഥാനങ്ങൾക്ക് അവകാശമൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷം കണിച്ചാർ പഞ്ചായത്ത് ഭരണം സിപിഎം നേതൃത്വത്തിലാണ് നടത്തിയിരുന്നത്. ബ്ലോക്ക് ഭരണം 20 വർഷത്തോളം സിപിഎം കുത്തകയായിരുന്നു. ഭരണമാറ്റം വന്നതോടെയാണ് സർക്കാർ ചിലവിൽ പാർട്ടി സംരക്ഷണം നടത്തുന്ന ഇത്തരം വിഷയങ്ങൾ പുറത്തു വന്നു തുടങ്ങിയത്. നിയന്ത്രണം പാർട്ടിയുടെയും പാർട്ടി സംഘങ്ങളുടേയും വരുതിയിലായതിനാൽ തന്നെ പലരും ഇത്തരം സ്ഥാപനങ്ങളിലേക്ക് വരാതായി. വയോജന നിയമവും വകുപ്പും നിലവിൽ വന്നതോടെ എല്ലാ വിഭാഗം ജനങ്ങൾക്കും വയോജനങ്ങൾക്കും സ്വതന്ത്രമായി വന്നു പോകാൻ പൊതു ഇടങ്ങളെ ഉപയോഗപ്രദമാക്കേണ്ടതുണ്ട്. ഇതിന് തടസ്സമാകുന്ന വിധമാണ് ഇപ്പോൾ സിപിഎം ഊർജം പേറുന്ന യുവധാര നീങ്ങുന്നത്.
രാഷ്ട്രീയ പിന്തുണയോടെ ബോർഡ് വച്ചതോടെയാണ് ആരോപണം ശക്തമായത്. വായനശാലയും ഗ്രന്ഥാലയവും അവിടെ പ്രവർത്തിക്കുന്നതിന് എതിരെ നേരത്തേ തന്നെ പ്രതിഷേധം ഉയരുകയും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ പരാതി ലഭിക്കുകയും ചെയ്തതോടെയാണ് നടപടികൾ ആരംഭിച്ചത്. തുടർ നടപടികളിലേക്ക് നീങ്ങുന്നതിന് ഇടയിൽ പരാതി കേളകം പൊലീസിന് കൈമാറി. ഇതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി കെട്ടിടം ഒഴിഞ്ഞു നൽകാൻ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ യുവാധാരയുടെ പേരിൽ എത്തിയവർ വിസമ്മതിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഒഴിപ്പിക്കൽ നടപടി തൽക്കാലം ഉപേക്ഷിച്ച് പൊലീസ് മടങ്ങി. ഇന്ന് പേരാവൂർ ഡിവൈഎസ്പി ഓഫിസിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും യുവധാര പ്രതിനിധികളും തമ്മിൽ ചർച്ച നടത്തും. വയോജന കേന്ദ്രത്തിൽ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും രാഷ്ട്രീയ പൊതുയോഗങ്ങൾ ചേരുന്നതും അനുവദിക്കില്ല എന്ന് 1 സർക്കാർ മുൻപ് തന്നെ നിർദേശം നൽകിയിട്ടുള്ളതാണ്. ഒഴിവാകാൻ ആവശ്യപ്പെട്ട് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നോട്ടിസ് നൽകിയിരുന്നതാണ്. നടപടികൾക്ക് ശ്രമം തുടങ്ങിയെന്ന് അറിഞ്ഞ് പെട്ടെന്ന് ബോർഡ് സ്ഥാപിക്കകുയായിരുന്നു. പേരാവൂർ ബ്ലോക്കിലെ മറ്റ് വയോജന വിശ്രമ കേന്ദ്രങ്ങളിൽ സമാനമായ രീതിയിലും നിയമപരമായി അനുമതി ഇല്ലാതെയും മറ്റ് സ്ഥാപനങ്ങളോ പ്രവർത്തിക്കാൻ പാടില്ലെന്നാണ് ചട്ടം. പലയിടങ്ങളിലും പൊതു സ്ഥലങ്ങളിൽ പാർട്ടി അധിനിവേശം നടക്കുന്നുണ്ട്. പലയിടങ്ങളും പാർട്ടി ഘടകം പോലെ പ്രവർത്തിക്കുന്നു എന്ന ആരോപണവും ശക്തമാണ്. ജാതി മത രാഷ്ട്രീയ വിഭാഗീയതയോ കൂടാതെ പ്രവേശിക്കേണ്ടയിടങ്ങൾ പ്രത്യേക വിഭാഗങ്ങൾ കയ്യടക്കുന്നതും നിയന്ത്രിക്കുന്നതും തടയേണ്ടതാണ്. ഇക്കാര്യത്തിൽ സർക്കാരും ബ്ലോക്ക് പഞ്ചായത്തുകളും പഞ്ചായത്തുകളും നടപടി സ്വീകരിക്കണമെന്നാണ് പലയിടങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം.
Discussion at Peravoor DySP office today on the incident of the elderly center becoming a youth hub.





















